Tuesday 6 March 2018

അസ്തമയം, സന്ധ്യ , വെളിച്ചം - തഞ്ചാവൂർ നിറങ്ങൾ

ഞാൻ എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഒരിക്കൽ പോലും തഞ്ചാവൂർ പോയിട്ടില്ല. പോകണം എന്ന് കൃത്യമായി പ്ലാൻ ചെയ്തിട്ടുമില്ല. പക്ഷെ ഉന്മാദത്തിന്റെയും മറവിയുടെയും ധ്യാനത്തിന്റെയും ഇടയിലെ ഏതോ ഒരു  സമയത്ത് എപ്പോഴൊക്കെയോ പെരിയ കോവിലും അവിടുത്തെ സ്വർണവർണം നിറഞ്ഞ സന്ധ്യയും മനസ്സിലേക്ക് കേറി വന്നിട്ടുണ്ട്. കാലിൽ കരിങ്കല്ലിന്റെ തണുപ്പും സാന്ധ്യനിറങ്ങളുടെ പെരുക്കവും പലകുറി സങ്കല്പത്തിൽ വന്നും പോയുമിരുന്നിട്ടുണ്ട്.
മുൻപ് ഇവിടെ എപ്പോഴോ പോയിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന dejavu ആണ് ഒരു വൈകുന്നേരം അവിടേക്ക് കയറി ചെന്നപ്പോൾ ആദ്യം തോന്നിയത്..
നിറങ്ങളേ...
തമിഴ് നാട്ടിലെ കുംഭകോണത്ത് നിന്ന് 40 കിലോമീറ്ററും മധുര യിൽ നിന്ന് 190 കിലോമീറ്ററും ദൂരെയുള്ള തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം അപ്പോൾ സന്ധ്യാകിരണങ്ങളേറ്റ് നിൽക്കുകയായിരുന്നു.
തഞ്ചാവൂരിലെ സന്ധ്യാസമയത്തിന് സ്വർണ നിറമാണ്. ഗോപുരങ്ങൾ ഓരോന്നും താണ്ടി പെരിയ കോവിലിന്റെ തൊട്ടടുത്ത എത്തുമ്പോൾ കോവിലിന്റെ ഉള്ളിൽ നിന്ന് കേട്ട പെരുമ്പറ ശബ്ദം എനിക്കുള്ളിൽ നിന്ന് പുറത്തിറങ്ങി പോയത് പോലെയാണ് അനുഭവപ്പെട്ടത്. കേട്ടും, വായിച്ചും, പഴകിയും വീണ്ടും വീണ്ടും മനസ്സിലാക്കുകയും ചെയ്ത ഒരു സ്ഥലം അതിലുമധികം തീവ്രതയോടെ മുന്നിൽ കാണുമ്പോൾ എല്ലാവരുടെയും ഉള്ളിൽ ഇങ്ങനൊരു പെരുമ്പറ കൊട്ടും എന്ന്  തോന്നുന്നു.
കുങ്കുമ സന്ധ്യ 
അസ്തമയത്തിന്റെ വെളിച്ചം 216  അടി നീളമുള്ള ബൃഹദീശ്വരന്റെ ഗോപുരത്തിന് താഴെയുള്ള പുൽത്തകിടിയിൽ ഇരിക്കുന്നവരിലും ഒരു വെളിച്ചം പകരുന്നത് പോലെ തോന്നി. ഫ്രെയിമുകൾ തിരഞ്ഞു ഫോട്ടോഗ്രാഫർമാർ കോവിലിനെ വലം വെച്ച് നടക്കുന്നുമുണ്ട്. ഈ നിറങ്ങൾ ഒരു ക്യാമറയിലും പകർത്താൻ ആകില്ലെന്ന് ആരോ അപ്പോൾ  പറയുന്നത് കേട്ടു. മനുഷ്യന്റെ സഹജമായ 'ആ ക്യാമറക്ക്' ഒഴികെ മറ്റൊന്നിനും, എന്ന് ഒരു തിരുത്തും.
ഗോപുരസന്ധ്യ 
ഓരോ കോണുകളിൽ നിന്നും വ്യത്യസ്ത സൗന്ദര്യമാണ് കോവിലിന്. കൂട്ടിലേക്ക് തിരിച്ച പോകുന്ന പക്ഷികൾ, പുൽത്തകിടിയിൽ വിശ്രമിക്കുന്നവർ, മുന്നിൽ കാണുന്ന നിറങ്ങൾ മാത്രം ശ്രദ്ധിക്കുന്നവർ, ഓടി നടക്കുന്ന കുട്ടികൾ- കാഴ്ചകളുടെയും നിറങ്ങളുടെയും  ബാഹുല്യമാണ് കോവിലിന്റെ ചുറ്റും.
Parting Light
ഓർമകളിലും മറവികളിലും നിശ്ശബ്ദതയിലും സൂക്ഷിച്ചു വെക്കാൻ ആവശ്യമുള്ള സാന്ധ്യ നിറങ്ങളുമായി  അവിടെ നിന്നിറങ്ങി. ചുറ്റും നിറഞ്ഞു നിന്ന സ്വർണ വെളിച്ചത്തെ ഗോപുരത്തിന് പുറത്ത് വരെ കൂടെ കൂട്ടി. 
അപ്പോഴും ഒരു കാതം ദൂരത്തിനപ്പുറം പെരുമ്പറ കൊട്ട്  തുടർന്ന് കൊണ്ടേയിരുന്നു. 
മുഴക്കങ്ങൾ നിറഞ്ഞ പെരുമ്പറകൊട്ട്...
ആദ്യമാദ്യം ചുറ്റിലും...
പിന്നെപ്പിന്നെ മനസ്സിലേക്കും...

PS: വടക്കുകിഴക്കൻ യാത്രയുടെ തുടർച്ച ഉടൻ!