Tuesday, 6 March 2018

അസ്തമയം, സന്ധ്യ , വെളിച്ചം - തഞ്ചാവൂർ നിറങ്ങൾ

ഞാൻ എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഒരിക്കൽ പോലും തഞ്ചാവൂർ പോയിട്ടില്ല. പോകണം എന്ന് കൃത്യമായി പ്ലാൻ ചെയ്തിട്ടുമില്ല. പക്ഷെ ഉന്മാദത്തിന്റെയും മറവിയുടെയും ധ്യാനത്തിന്റെയും ഇടയിലെ ഏതോ ഒരു  സമയത്ത് എപ്പോഴൊക്കെയോ പെരിയ കോവിലും അവിടുത്തെ സ്വർണവർണം നിറഞ്ഞ സന്ധ്യയും മനസ്സിലേക്ക് കേറി വന്നിട്ടുണ്ട്. കാലിൽ കരിങ്കല്ലിന്റെ തണുപ്പും സാന്ധ്യനിറങ്ങളുടെ പെരുക്കവും പലകുറി സങ്കല്പത്തിൽ വന്നും പോയുമിരുന്നിട്ടുണ്ട്.
മുൻപ് ഇവിടെ എപ്പോഴോ പോയിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന dejavu ആണ് ഒരു വൈകുന്നേരം അവിടേക്ക് കയറി ചെന്നപ്പോൾ ആദ്യം തോന്നിയത്..
നിറങ്ങളേ...
തമിഴ് നാട്ടിലെ കുംഭകോണത്ത് നിന്ന് 40 കിലോമീറ്ററും മധുര യിൽ നിന്ന് 190 കിലോമീറ്ററും ദൂരെയുള്ള തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം അപ്പോൾ സന്ധ്യാകിരണങ്ങളേറ്റ് നിൽക്കുകയായിരുന്നു.
തഞ്ചാവൂരിലെ സന്ധ്യാസമയത്തിന് സ്വർണ നിറമാണ്. ഗോപുരങ്ങൾ ഓരോന്നും താണ്ടി പെരിയ കോവിലിന്റെ തൊട്ടടുത്ത എത്തുമ്പോൾ കോവിലിന്റെ ഉള്ളിൽ നിന്ന് കേട്ട പെരുമ്പറ ശബ്ദം എനിക്കുള്ളിൽ നിന്ന് പുറത്തിറങ്ങി പോയത് പോലെയാണ് അനുഭവപ്പെട്ടത്. കേട്ടും, വായിച്ചും, പഴകിയും വീണ്ടും വീണ്ടും മനസ്സിലാക്കുകയും ചെയ്ത ഒരു സ്ഥലം അതിലുമധികം തീവ്രതയോടെ മുന്നിൽ കാണുമ്പോൾ എല്ലാവരുടെയും ഉള്ളിൽ ഇങ്ങനൊരു പെരുമ്പറ കൊട്ടും എന്ന്  തോന്നുന്നു.
കുങ്കുമ സന്ധ്യ 
അസ്തമയത്തിന്റെ വെളിച്ചം 216  അടി നീളമുള്ള ബൃഹദീശ്വരന്റെ ഗോപുരത്തിന് താഴെയുള്ള പുൽത്തകിടിയിൽ ഇരിക്കുന്നവരിലും ഒരു വെളിച്ചം പകരുന്നത് പോലെ തോന്നി. ഫ്രെയിമുകൾ തിരഞ്ഞു ഫോട്ടോഗ്രാഫർമാർ കോവിലിനെ വലം വെച്ച് നടക്കുന്നുമുണ്ട്. ഈ നിറങ്ങൾ ഒരു ക്യാമറയിലും പകർത്താൻ ആകില്ലെന്ന് ആരോ അപ്പോൾ  പറയുന്നത് കേട്ടു. മനുഷ്യന്റെ സഹജമായ 'ആ ക്യാമറക്ക്' ഒഴികെ മറ്റൊന്നിനും, എന്ന് ഒരു തിരുത്തും.
ഗോപുരസന്ധ്യ 
ഓരോ കോണുകളിൽ നിന്നും വ്യത്യസ്ത സൗന്ദര്യമാണ് കോവിലിന്. കൂട്ടിലേക്ക് തിരിച്ച പോകുന്ന പക്ഷികൾ, പുൽത്തകിടിയിൽ വിശ്രമിക്കുന്നവർ, മുന്നിൽ കാണുന്ന നിറങ്ങൾ മാത്രം ശ്രദ്ധിക്കുന്നവർ, ഓടി നടക്കുന്ന കുട്ടികൾ- കാഴ്ചകളുടെയും നിറങ്ങളുടെയും  ബാഹുല്യമാണ് കോവിലിന്റെ ചുറ്റും.
Parting Light
ഓർമകളിലും മറവികളിലും നിശ്ശബ്ദതയിലും സൂക്ഷിച്ചു വെക്കാൻ ആവശ്യമുള്ള സാന്ധ്യ നിറങ്ങളുമായി  അവിടെ നിന്നിറങ്ങി. ചുറ്റും നിറഞ്ഞു നിന്ന സ്വർണ വെളിച്ചത്തെ ഗോപുരത്തിന് പുറത്ത് വരെ കൂടെ കൂട്ടി. 
അപ്പോഴും ഒരു കാതം ദൂരത്തിനപ്പുറം പെരുമ്പറ കൊട്ട്  തുടർന്ന് കൊണ്ടേയിരുന്നു. 
മുഴക്കങ്ങൾ നിറഞ്ഞ പെരുമ്പറകൊട്ട്...
ആദ്യമാദ്യം ചുറ്റിലും...
പിന്നെപ്പിന്നെ മനസ്സിലേക്കും...

PS: വടക്കുകിഴക്കൻ യാത്രയുടെ തുടർച്ച ഉടൻ!

Monday, 5 February 2018

മായാനദി

ഞാനിപ്പോൾ ബംഗ്ലാദേശിലാണോ അതോ ഇന്ത്യയിലാണോ? ഉംങ്ങോട് പുഴയുടെ മണൽ തീരത്ത് നിന്ന് വെറുതെ ആലോചിച്ചപ്പോൾ ഒരു വെളിപാടുണ്ടായി. സത്യം പറഞ്ഞാൽ ഞാനിപ്പോൾ ഇന്ത്യയിലുമല്ല ബംഗ്ലാദേശിലുമല്ല. രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ദാവ്കി എന്ന സ്ഥലത്താണ് ഞാനിപ്പോൾ. ഷില്ലോങ്ങിൽ നിന്ന് 95 കിലോമിറ്റർ അകലെ  ഈസ്റ്റ് ജൈനിത്തിയ ജില്ലയിലാണ് ദാവ്കി.
ദാവ്കിയിലെ  ഉംങ്ങോട് പുഴ- ആദ്യ കാഴ്ച 
ഒരു കാറിലാണ് ഞങ്ങൾ റിവായിലെ വേരുപാലം കണ്ട ശേഷം ദാവ്കിയിലെത്തിയത്. ഉംങ്ങോട് പുഴയുടെ അടുത്തെത്താറായപ്പോഴേക്കും കൂടെയുണ്ടായിരുന്ന ശ്രീ ഫോണിന്റെ റേഞ്ച് പോയതായി പരാതി തുടങ്ങി. ബംഗ്ലാദേശ് സമയം ചിലരുടെ ഫോണിലെങ്കിലും കാണിച്ചു തുടങ്ങി. ബംഗ്ലാദേശ് ബോർഡറിന്റെ അത്രയും അടുത്താണ് ഞങ്ങൾ എന്നത് വല്ലാത്തൊരു ഫീലിംഗ് ആണ് ഉണ്ടാക്കിയത്. ഏകദേശം 3.30  ഓടെ ഞങ്ങൾ അവിടെ എത്തി. 
ഇരുട്ടുന്നതിനു മുൻപ് ബോട്ടിംഗ് ഒക്കെ ചെയ്യണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട് വേഗം തന്നെ പുഴയിലേക്ക് ഇറങ്ങി. സോഷ്യൽ മീഡിയയിൽ  വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്ന് സെർച്ച് ചെയ്താൽ വരുന്ന ആദ്യ ടൂറിസ്റ്റ് സ്പോട്ടിൽ ഒന്നാണ് ഇപ്പോൾ ഈ ദാവ്കി.. കാരണം മറ്റൊന്നുമല്ല. ഉംങ്ങോട് പുഴയിലെ വെള്ളം തന്നെ. തെളിനീർ എന്നൊക്കെ  പറയില്ലേ.അതാണ് ഇതിലെ വെള്ളം. ഗൂഗിളിലെ ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾ അത്രയൊന്നും വിശ്വസിച്ചിരുന്നില്ല. കാരണം അത് എത്ര വേണമെങ്കിലും manipulative ആകാമല്ലോ. പക്ഷെ ഇത് ശെരിക്കും ഞെട്ടിച്ചു.ക്രിസ്റ്റൽ ക്ലിയർ എന്നൊക്കെ പറയില്ലേ അതാണ് ഉംങ്ങോട് പുഴയിലെ വെള്ളം. 
കാണാനില്ലേ, പുഴയുടെ അടിത്തട്ട്?
ഇരുട്ടുന്നതിനു മുൻപ് ഞങ്ങൾക്ക് ചെറാപ്പുഞ്ചിയിലെ ഹോം സ്റ്റേയിൽ എത്തണം എന്നുള്ളതിനാൽ സമയം കളയാതെ ഞങ്ങൾ ബോട്ടിങ്ങിനു ഇറങ്ങി.ഹൊഗനക്കൽ, ശിവനസമുദ്രം, ഒക്കെ പോലെ ബോട്ടുകാർ ചുറ്റും വന്നു പൊതിയുന്ന കാഴ്ചയാണ് ഇവിടെയും. പിന്നെ ഞങ്ങൾ അഞ്ചു പേരും ഒരു ബോട്ടിൽ കയറി. തണുത്തുറഞ്ഞ ഡിസംബറിലായിരുന്നു യാത്ര. ഇരുട്ടിത്തുടങ്ങിയപ്പോഴേക്കും തണുപ്പ് തുളച്ചു കയറിൻതുടങ്ങിയിരുന്നു.
ബോട്ടിങ്ങിനു ഇറങ്ങുന്ന വഴി ഇറങ്ങണമെങ്കിൽ അത്യാവശ്യം പാടത്തൊക്കെ ഇറങ്ങി നടന്ന പാടവം വേണം. അല്ലെങ്കിൽ ഒറ്റ പോക്കിന് താഴെ എത്തും. അത്രയും സ്റ്റീപ് ആണ് ഇറക്കം.എന്തായാലും ഞങ്ങൾ പടച്ചോനെ ഇങ്ങള് കാത്തോളീ .... എന്ന് വിളിച്ചു ഒരു ഇറക്കം അങ്ങോട്ട് ഇറങ്ങി.
ഇന്ത്യയോ ബംഗ്ലാദേശോ?
വലത്ത് ഭാഗത്ത് ഒരു ഉത്സവം നടക്കുന്ന കണ്ട എന്താണ് സംഭവം എന്ന് ബോട്ടുകാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു അതാണ് ബംഗ്ലാദേശ് എന്ന്. അവിടെ എന്തോ ഉത്സവം നടക്കുകയാണ് എന്നും. വല്ലാത്ത ഒരു  ഫീൽ ആയിരുന്നു അത്. നിൽക്കുന്നത് ഇന്ത്യയിൽ പക്ഷെ തൊട്ടപ്പുറത്ത്  ബംഗ്ലാദേശ് കാണുന്നു. ഒരു വെളുപ്പ് പ്രതലം കൊണ്ടാണ് ഇന്ത്യയും ബംഗ്ലദേശും വെവ്വേറെ ആയി മാർക്ക് ചെയ്തിരിക്കുന്നത്.നിയമപരമല്ലാതെ ആർക്കു വേണമെങ്കിലും അപ്പുറത്തേക്ക് കടക്കാം, ഇങ്ങോട്ടും വരാം. ഒരു ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും സമയക്കുറവു മൂലം ഞങ്ങൾക്ക് അവിടേക്ക് പോകാൻ സാധിച്ചില്ല. 
തൂക്കുപാലം 
ബോട്ടിൽ യാത്ര തുടങ്ങി കുറച്ച കഴിഞ്ഞപ്പോൾ മുകളിൽ ഒരു തൂക്കുപാലവും കണ്ടു. പണ്ട് കാലത്തു വ്യവസായ ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായിരുന്നുവത്രെ അത്. ഒരു 30  മിനിറ്റ് ബോട്ടിൽ യാത്ര ചെയ്ത ഞങ്ങൾ പുഴയുടെ മറ്റൊരു കരയിൽ എത്തി. അവിടെ ഇറങ്ങി കൊറേ നേരം ചിത്രങ്ങളും മറ്റും എടുത്തു.
പുഴയിലെ വെള്ളം ശെരിക്കും അടിത്തട്ട് കാണുന്ന പോലെ തന്നെയാണ്. മകന് അവിടെ നിന്ന് തിരിച്ച വരണം എന്ന് തന്നെ ഉണ്ടായിരുന്നില്ല. വെള്ളവും മണലും ബോട്ടിങ്ങും എന്നും ഉണ്ടാവുമെന്നായിരുന്നു അത് വിചാരിച്ച് വെച്ചത്. പക്ഷെ ഒരു ആഴ്ച കഴിഞ്ഞാൽ സ്കൂൾ, ചോട്ടാ ഭീം, സ്‌പൈഡർമാൻ, ബിസ്കറ് തുടങ്ങിയ കാര്യങ്ങളുമായി സംഭവം എല്ലാം പഴയ പോലെ ആകുമെന്ന് മകന് മനസ്സിലാകുന്ന പ്രായം അല്ലല്ലോ.
മറുകരയിൽ ക്യാമ്പിങ്ങിനുള്ള സ്ഥലം 
എന്തായാലും ദാവ്കി യിലേക്കുള്ള യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയി മാറി. അഞ്ചു മണിയോടെ അവിടെ നിന്ന് പുറപ്പെട്ടു. ഏകദേശം 7.30 ഓടെ ചെറാ പുഞ്ചിയിലെ ഹോം സ്റ്റയിൽ എത്തി.
അടുത്ത ദിവസത്തെ പരിപാടിയെ കുറിച്ച ആലോചിക്കുമ്പോൾ തന്നെ ഒരു ഉൾക്കിടിലം ആണ് ഉണ്ടായിരുന്നത്. ഒറ്റ ദിവസം 3000 സ്റ്റെപ്പുകൾ കയറുക എന്ന ദൗത്യം ആയിരുന്നു ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നത്. അതും, അന്ന് നാല് വയസ്സുണടായിരുന്ന മകന്റെ ഒപ്പം. 
അതേക്കുറിച്ചു അടുത്ത തവണ എഴുതാം.

യാത്ര ചെയ്ത ദൂരം: 95 കിലോമീറ്റർ 
ഏകദേശ സമയം: 2  മണിക്കൂർ 

തീർച്ചയായും ട്രൈ ചെയ്യേണ്ടത് 

* പുഴയിലെ ബോട്ടിങ് 
* മറുകരയിൽ ചെന്നിരുന്ന് വെറുതെ പുഴ നോക്കിയിരിക്കൽ 
* അയൽ രാജ്യത്തെ വിളിപ്പാടകലെ കാണൽ